Wednesday, June 18, 2025

Madhu

There's mo other earthly privilege than being loved by a dog. My dog, a blur of joy on four fast feet, Greets every dawn with a tail-swept beat. Eyes like stars, so deep and kind, A better soul I'd never find. She chases dreams in open air, Tongue out, wind dancing in her hair. By my side through thick and thin, Her bark, my compass deep within. No words she speaks, yet still I know— She’s love in motion, soft and low.

Saturday, November 18, 2023

 ഏഹ്? എങ്ങോട്ടാ പോണേയാവോ? ഒരു ദിശയുമില്ലാത്ത പല മനുഷ്യർ കൂട്ടം ചേർന്നൊരു ദിശയുണ്ടാക്കാനുള്ള പോക്കിലേയ്ക്ക് ജനൽ കമ്പികളിൽ ഉടക്കി, വേരുകളിൽ നിന്നു വിടുതൽ കൊണ്ട് കയറിയിരിപ്പാണ് മൂപ്പർ.  വേരുകൾ പിന്നോട്ട് വലിച്ചതിന്റെ, ദിശയറിയാൻ മുന്നോട്ടു കുതിച്ചതിന്റെ പാടുകൾ അങ്ങിങ്ങായി കാണാം. മുറിവുകൾ ഗൗനിക്കാതെ പുതിയ യാത്രയുടെ മുഴുവൻ ഊർജവും കൊണ്ടൊരാൾ യാത്ര തുടങ്ങുകയാണ്... 🍃🍂🍁


Tuesday, December 22, 2020

പ്രണാമം 💚

 ഞാൻ St Paulsil മൂന്നാം ക്ലാസ്സിൽ പഠിയ്ക്കാണ്. രാവിലെ എട്ടു മണിക്ക് ജോയേട്ടന്റെ വണ്ടിയിൽ കയറി പോവും. അഞ്ചു മണിയോട് അടുക്കും തിരിച്ചു വീട്ടിൽ വരുമ്പോ. എത്തുമ്പഴേക്കും ക്ഷീണിച്ചു ഒരു വിധം ആയിണ്ടാവും. വീട്ടിൽ എല്ലാവരുടെയും അവസ്ഥ ഏകദേശം ഈ തരം  ആണ്. ഓട്ടം. നിർത്താതെയുള്ള ഓട്ടം.


സ്കൂൾ കലോത്സവത്തിന്റെ  സമയം ആവുമ്പോ ടീച്ചർ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ഐറ്റംസിന്റെ പേര്  തരാൻ പറയും.

മിമിക്രി, നാടോടി നൃത്തം, മോണോആക്ട്  എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ്  എഴുതിയ  കടലാസ് വീട്ടിലേയ്ക്ക്  തന്നയക്കും.  കടലാസ് അമ്മയ്ക്ക് കൊണ്ടു കൊടുക്കും. ഓട്ടപാച്ചിലിനിടയിൽ  അമ്മയ്ക്ക് പഠിപ്പിച്ചു തരാൻ കഴിയുന്ന രണ്ട് മൂന്നെണ്ണം അമ്മ ടിക്ക് ചെയ്ത് തരും.

മുടങ്ങാതെ അമ്മ ടിക്ക് ചെയ്തത് കവിതാ പാരായണത്തിൽ ആണ്. ഇംഗ്ലീഷും മലയാളവും.


മധുസൂദനൻ നായരൊക്കെ കാസറ്റ് ഇറക്കി കവിത ജനകീയമാക്കുന്നതിനു  മുന്നേ വരെ അമ്മയാണ് കവിത പഠിപ്പിച്ചു തരാ.

"മാന്യ സദസ്സിന് വന്ദനം" എന്ന ഒരിക്കലും മാറാത്ത ആദ്യ വാക്യത്തിന് ശേഷം മിക്കവാറും ചൊല്ലുക സുഗതകുമാരിയുടെ കവിതയാണ്.


അമ്മയുടെ ഓട്ടത്തിനിടയിൽ അമ്മയുടെ  വാലായി അടുക്കളയിലും പാതിമ്പുറത്തും മറ്റും നടന്നും ഇരുന്നും കിടന്നും  ആണ് പഠിക്കുന്നത് തന്നെ. മനപാടം പഠിയ്ക്കുന്ന ഏർപ്പാടിനോട് പണ്ടേ വിരക്തിയാണ്. താളം ഇല്യാണ്ട് ജീവിക്ക തന്നെ എനിക്ക്  പ്രയാസം ആണ്. അമ്മയാണ് കവിതയുടെ താളം പറഞ്ഞു തരാ.


Lp സെക്ഷൻ  കോറിഡോറിന്റെ അവിടെയുള്ള   കോണിയുടെ അടിയിൽ പണിത സ്റ്റാഫ്‌ റൂമിൽ അമ്മ പറഞ്ഞത് പോലെ കൈയൊക്കെ  കെട്ടി ഞാൻ ചെന്നു നിന്നു. മാന്യ സദസിന് വന്ദനം. ഞാനിന്നിവിടെ ചൊല്ലുന്നത് പ്രശസ്ത.....


"ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി

മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-

ടിയാ ചിറകു ചെറുതിളക്കി

നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ

പാവം പണിപ്പെട്ടു പാടിടുന്നു

ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ

ഇണയില്ല കൂട്ടിനു കിളികളില്ല"


പേടിച്ച പോലെ വരികൾ ഒന്നും തെറ്റിയില്ല. ഞാൻ ഉദ്ദേശിച്ച പോലെ തന്നെ വന്നിട്ടുണ്ട്.മിടുക്കി എന്ന്  സ്വയം പറഞ്ഞു.


പക്ഷേ  എന്നെ നിരാശപ്പെടുത്തിയത് ജഡ്ജസിന്റെ മുഖത്തെ ചിരിയാണ്.ഞാൻ ചൊല്ലുമ്പോൾ തന്നെ ചിരിയാണ്. ചൊല്ലി തീർന്നതും  ഒരുമാതിരി ആക്കി, അർത്തുലസിച്ചുള്ള മലയാളം ടീച്ചർടെ ചിരി ഒട്ടും ഇഷ്ടായില്ല.ഫസ്റ്റും സെക്കൻഡും തേർഡും  ഒക്കെ ആരൊക്കെയോ കൊണ്ടു പോയി.അതൊക്കെ എന്തേലും ആവട്ടെ.ജഡ്ജസിന്റെ കൊലചിരി ആശയകുഴപ്പമായി എന്റെ കൂടെ പോന്നു.


പിറ്റേ കൊല്ലം മാമ്പൂക്കള്ളും ഉണ്ണിയുമായി കവിതയുടെ വിഷയം.

"വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ..."

ഉണ്ണി വരാത്ത സങ്കടം കവിത ചൊല്ലി പഠിച്ചവരുടെ ഒപ്പം ബാധയായി കയറി കൂടിയതായി തോന്നി. 


കൊലചിരിയുടെ ആശയകുഴപ്പം  അപ്പോഴും  കൂടെയുണ്ട്.


നാലഞ്ചു കൊല്ലങ്ങൾ കഴിഞ്ഞ് ഒരൂസം 

"കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തു" സിനിമ കാണുകയാണ്.അഞ്ചാമത്തെയോ ആറാമത്തെയോ തവണയാണ് കാണുന്നത്. ജയറാംമും മഞ്ജു വാര്യരും ഒക്കെ ഒരുമിച്ചു വരുമ്പോൾ തോന്നുന്ന സന്തോഷത്തിനു വേണ്ടി കാണുന്നതാണ്.യേശുദാസിന്റെ ശബ്ദത്തിൽ സിനിമേലെ ഫേമസ് പാട്ട് വന്നു. പിന്നെയും പിന്നെയും ആരോ കിനാവിന്റെ....

ഞാനും ഒപ്പം മൂളി.

മൂളി മൂളി  ഞാൻ എങ്ങനെയൊക്കെയോ


"പാവം പണിപ്പെട്ടു പാടിടുന്നു

ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ

ഇണയില്ല കൂട്ടിനു കിളികളില്ല"


എന്ന വരിയിൽ ഇടിച്ചു കേറി നിന്നു. യേശുദാസിന്റെ വരികൾ വേറെ വഴിക്ക് പോയി. ഇതെന്താ ഇത്!!!  ഞാൻ വീണ്ടും പാടി നോക്കി. മൂന്നാലു തവണ പാടി നോക്കിയതിനു ശേഷമാണു തിരിച്ചറിവുണ്ടായത്.

അമ്മേ!!!!" എന്നലറിവിളിച്ച് അടുക്കളയിലേയ്ക് ഓടി.


എന്റെ കണ്ടു പിടുത്തം കേട്ട് ഇതിപ്പഴാണോ നിനക്ക് മനസ്സിലവണേ  എന്ന ഭാവത്തിൽ അമ്മ  ചിരിച്ചു.

സുഗതകുമാരിയുടെ വരികളിലേയ്ക്ക്  വിദ്യ ji ടെ മ്യൂസിക് ചേർത്തു വച്ചതിൽ കുറ്റബോധം തല്ലേതും അമ്മയിൽ ഞാൻ കണ്ടില്ല.

ആശയകുഴപ്പത്തിന്റെ ഭാരം ഒഴിഞ്ഞ് കൊലചിരിയായി എന്റെ ചുണ്ടിലും നിറഞ്ഞു.


( പിന്നെയും പിന്നെയും എന്ന പാട്ടിന്റെ ട്യൂണിൽ ആണ് അമ്മ എനിക്ക് കവിത പഠിപ്പിച്ചു തന്നത്. കാസറ്റ്റുകളിൽ കവിത നിറയുന്നതിനു മുന്നേയുള്ള കാര്യമാണ് ).


"ഇരുളില്‍ തിളങ്ങുമീ പാട്ടു കേള്‍ക്കാന്‍ കൂടെ

മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്

നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്‍ താഴെ

വഴിമര ചോട്ടിലെ പുല്ലുമുണ്ട്

ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്

താരുകളുണ്ട് താരങ്ങളുണ്ട്

ആപാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും

സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്"


പ്രിയപ്പെട്ട കവയത്രിയ്ക്കു ആദരാഞ്ജലികൾ 💚💚💚

Tuesday, November 10, 2020

മൂക്കുത്തി 💚 ഭൂതം, ഭാവി, വർത്തമാനം ✨️

 

മൂക്കുത്തി
ഭൂതം, ഭാവി, വർത്തമാനം ✨️

മൂക്കുത്തിയുടെ റിസർച്ച്നെ പറ്റി പറഞ്ഞുവലോ. മൂക്കുത്തിയിൽ മോഹം മുളച്ചത് മുതൽ തന്നെ മൂക്കുത്തി അണിഞ്ഞവരെ ഞാൻ ശ്രദ്ധിക്കാറുണ്ട്  .

 വട്ട മുഖമുള്ളവർ മിക്കവാറും വലിയ  മൂക്കുത്തിയാണ്  ഉപയോഗിക്കുക, നീളം മുഖത്തിന് ചെറിയ കല്ലുകളാണ് ചേരുക തുടങ്ങി പലതും അത്തരം അന്വേഷണങ്ങളിൽ നിന്നു ഞാൻ മനസ്സിലാക്കിയതാണ് .( വ്യക്തിപരമായ കണ്ടെത്തലുകൾ.)

മാല ബൾബ് പോലെ തൂങ്ങി കിടക്കുന്ന മൂക്കുത്തിയൊക്കെ ഉണ്ട്. നന്നേ ചെറുതും വലുതും ഒക്കെ.എനിക്ക് ചെറിയ കല്ലുള്ള മൂക്കുത്തിയാണ് ഇഷ്ട്ടം. അത്രേം ചെറിയ കല്ല് തിരഞ്ഞെടുക്കാൻ തന്നെ എനിക്ക് കുറേ നേരം വേണം. എന്ത്‌ ഭംഗിയാണ് ഓരോ കല്ലും. എത്ര മികവിലാണ് അവ തീർത്തിരിക്കുന്നത്.

മോഹമായി ഒപ്പം കൂടിയ മൂക്കുത്തി മൂക്കിൽ കയറിയിരുന്നപ്പോഴാണ് ഞാൻ ചെറുതായി ഒന്ന് പെട്ടു പോയത്. അത്രയും നാൾ അപ്പ  ആയിട്ടുള്ളു  അഭിപ്രായ വ്യത്യാസം മാത്രം ആയിരുന്നു പ്രശ്നം.

മൂക്കുത്തി മൂക്കിലെ തുളയിൽ കയറി ഇരുന്നതിൽ പിന്നെ 'പൈതൃകം' ആയി പുതിയ പൊലാപ്പ്.

ഭൂതം ഒന്ന് : ദേവദാസി പരിവേഷമുള്ള  മൂക്കുത്തി...
ദേവദാസികളാണത്രേ പണ്ട് മൂക്ക് കുത്തിയിരുന്നത്. ആഭരണ വിഭൂഷികളായി  അണിഞ്ഞൊരുങ്ങി നടന്ന ദേവദാസികളുടെ ആഭരണങ്ങളിൽ ചെറുതെന്നാലും വലിയൊരു സ്ഥാനം മൂക്കുത്തിയ്ക്കുണ്ട്.

ഭൂതം രണ്ട് : ഇതൊന്നും നമ്മടെ ആള്ക്കാര് കുത്താൻ പാടില്ല. നമ്മടെ രീതികളിൽ മൂക്കുത്തി ഇല്യാ. ഇതൊക്കെ മറ്റൊരു കുത്താണതാ. ഇപ്പോ നിന്നെ മറ്റൊരുടെ പോലെ ഇണ്ട് കാണാൻ 😌

ക്രൈസ്‌തവ രീതികളിൽ മൂക്കുത്തിയ്ക്ക് ഇടമില്ല എന്നുള്ളത് ചെറിയൊരു വല്ലാത്ത പ്രശ്നമായി. ഒരു ചടങ്ങിന് ചെന്നപ്പോൾ എന്റെ മൂക്കിൽ കിടക്കുന്ന കല്ല് ഒരാൾക്ക് തീരെ  ഇഷ്ടപ്പെട്ടില്ല. ക്രിസ്ത്യാനി പെൺപിള്ളേർ ഇതൊന്നും ധരിക്കാൻ പാടില്ല എന്നുള്ള തുറന്ന നിലപാട്. ന്റെ പ്രിയപ്പെട്ട മൂക്കുത്തിയെ പരമാവധി ആരോപണങ്ങളിൽ നിന്നെല്ലാം ഊരിയെടുത്തു എങ്ങനെയൊക്കെയോ  കൊണ്ട് പോന്നു. വീട്ടിൽ തിരിച്ചെത്തി.

വൈകുന്നേരം കുട്ടന്റെ വാട്സ്ആപ്പ് മെസ്സേജ്. "കണ്ട് പിടിച്ചു കണ്ട് പിടിച്ചു".... പഴയ നിയമത്തിലെ മൂക്കുത്തി റഫറൻസ് കൊണ്ട് തന്നുകൊണ്ട്  എന്റെ പൈതൃക വഴിയിലെ മൂക്കുത്തി ബന്ധം ഞങ്ങൾ കുടുംബത്തിൽ സ്ഥാപിച്ചു.

ഭൂതം മൂന്ന് : ഹി ഹി പറക്കും തളികയിലെ ബാസന്തിയുടെ പോലെ ഇണ്ട് 💚

ഭൂതം നാല് :
ഒരു സംഭവം ആണ്.
മൂക്കിൽ തുളയിടാൻ നേരം വലത്തെ ഭാഗം വേണോ ഇടത്തെ ഭാഗം വേണോ എന്ന് കടയിലെ ചേട്ടൻ ചോദിച്ചു  . വലതു മതി എന്ന് ഞാൻ പറഞ്ഞു ( മൂക്ക് കുത്താൻ മോഹം തോന്നിയപ്പോൾ തൊട്ട് കറുത്ത പൊട്ട് കുത്തി നോക്കി വശം ഞാൻ ഏകദേശം മനസ്സിൽ തീരുമാനിച്ചിരുന്നു ).

നോർത്ത് ഇന്ത്യൻസ് ആണ് വലതു വശത്തു മൂക്ക്  കുത്തുക എന്ന് ആ ചേട്ടൻ ആണ്  പറഞ്ഞു തരുന്നത്. കേരളത്തിൽ ആണെങ്കിൽ ഹൈന്ദവ വിഭാഗത്തിലെ ഒരു കൂട്ടരും.
മലയാളികൾ സ്വതവേ ഇടതു വശം ആണ് കുത്തുകയത്രേ.
ഇനിയും ഇണ്ട് ട്ടോ ഒരുപാടു ഒരുപാട് കഥകൾ. നിങ്ങൾക്കറിയുന്ന പുരാണങ്ങളും ഉണ്ടാവാം.

ഒരു കുഞ്ഞിയ കല്ലിൽ ഉണ്ടാവാൻ സാധ്യതയുള്ള ഇത്രയധികം പ്രശനങ്ങൾ എന്നെ അത്ഭുതപ്പെടുത്തി.


വർത്തമാനം : മുഖം വാടി തളർന്ന്, മനസ്സും  മൂകമായി ഇരിക്കുന്ന ചില ദിവസങ്ങളിൽ കണ്ണാടിയിൽ നോക്കുമ്പോൾ, ഞാൻ എന്നെ തന്നെ  നോക്കുമ്പോൾ എന്റെ മൂക്കിലെ മൂന്നാം ദ്വാരത്തിൽ കാണുന്ന തിളക്കം ഊർജ്ജമാണ്.
ബലിയ ഊർജമാണ്.


പല പരിവേഷമുള്ള എന്റെ മൂക്കുത്തി, പല സംസ്കാരങ്ങളിൽ പലതായി നിന്ന എന്റെ മൂക്കുത്തി.
എന്റെ അദ്ധ്വാനത്തിന്റെ തിളക്കം,
എന്റെ മോഹത്തിന്റെ തിളക്കം,
എന്റെ തിളക്കം.

ഭാവി : അറിയില്ല.

ഏതായാലും ന്റെ മൂക്കിലെ, മൂന്നാം ധ്വാരത്തിലെ കല്ല്, തിളക്കമായി തന്നെ തുടരും ✨️.വർത്തമാനം തന്ന അനുഭവങ്ങൾ അത്രമേൽ പ്രിയമുള്ളതാണ്.

ഇനിയൊരു കാര്യം😃. കഴിഞ്ഞ തവണ മൂക്കുത്തി കഥ എഴുതിയപ്പോൾ കുറച്ച് സുഹൃത്തുക്കൾ  ചില അഭിപ്രായങ്ങൾ പറഞ്ഞു. ഒരു ചെറിയ കല്ല് മൂക്കിൽ കയറ്റാൻ അപ്പയുടെ സമ്മതം വാങ്ങാൻ നിന്നത് ഒട്ടും ശരിയായില്ല എന്ന്.

ഒരു സ്ത്രീയ്ക് മൂക്ക് കുത്താൻ, ഒരു ചെറിയ കലെടുത്തു മൂക്കിൽ കയറ്റാൻ ആരുടെയും അനുവാദം വേണ്ട എന്ന വാദത്തിനോട് യോജിക്കുന്നു.ഇതിനു മാത്രം അല്ല, ശെരിയെന്നു തോന്നുന്ന കാര്യം, മറ്റൊരാൾക്ക്‌ ഉപദ്രവം ആവാത്ത കാര്യം ചെയ്യാൻ ആർക്കും ആരുടെയും സമ്മതം വേണം എന്ന് തോന്നുന്നില്യ.

ഇനി ഈ കാര്യത്തിൽ ആണെങ്കിൽ,
ചില മോഹങ്ങളിൽ ഇഷ്ടപെടുന്ന ആളുകളുടെ ഇഷ്ടങ്ങൾ കൂടെ ഞാൻ  പരിഗണിക്കാറുണ്ട്.വലപ്പോഴും മാത്രം.

Thursday, October 8, 2020

The Climb 💚

 നവംബർ ആദ്യം മുതൽ കലണ്ടർ നോക്കി തുടങ്ങിയതാണ്. വൻ തോതിൽ പ്ലാനിങ് ഒകെ നടത്തിയാണ് ആതിയെ വിളിച്ചു ഡേറ്റ് ഫിക്സ് ചെയ്തത്. ദിവസവും തിരക്കു കഴിഞ്ഞു കിടക്കാൻ നേരം കലണ്ടർ നോക്കി എണ്ണും.പോകേണ്ട  ദിവസം അടുത്ത് വരുന്നത് കാണുമ്പോൾ ഒരു ഉന്മേഷം തോന്നും. അങ്ങനെ പോകുന്നതിന്റെ തലേ നാൾ എന്റെ സ്ത്രീത്വത്തിൽ ഞാൻ ഡിപ്രെസ്സ്ഡ്‌ ആയി പോയി. ഇനിയെന്തു ചെയ്യും? നാല് മണിക്കൂറോളം ksrtc യിൽ ഇരിക്കണം. ഇതൊന്നും പോരാതെ അവടെ ചെന്ന് ഒരു ചെറിയ ട്രെക്കിങ് കൂടി ഉണ്ട്. ആദ്യ ദിവസങ്ങളിൽ തണ്ടലിൽ പുളകം കൊള്ളിക്കും വിധം വരുന്ന വേദന... പിന്നെ ഈ കുന്നു കയറ്റം. ഇങ്ങനെ പെടുന്നതിപ്പോൾ ആദ്യമായിട്ടൊന്നും അല്ല. പരസ്യത്തിൽ കാണുന്ന പോലെ അത്ര എളുപ്പമൊന്നും അല്ല കാര്യങ്ങൾ. അല്ലെങ്കിലും ഫെയർ ആൻഡ്  ലവിലി തേച്ചിട്ട് ആരും !!! രണ്ടും കല്പിച്ചു രാവിലെ തന്നേ ബസിൽ കയറി. ഓടി ചാടി Ksrtc യുടെ ഉള്ളിൽ കയറിയപ്പോൾ ആശ്വാസം പോലെ സീറ്റുകൾ കണ്ടു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ  ഞെരിപിരി കൊള്ളാന് തുടങ്ങി. പതുകെ വരദേച്ചിയുടെ മടിയിലേയ്ക് ചാഞ്ഞു. ബസിറങ്ങി ഓട്ടോയിൽ കയറി ഇടിവെട്ട് കുഴികളിൽ ചാടി താമസസ്ഥലത്തെത്തി.ക്യാമ്പിന്റെ  ഉള്ളിൽ കയറി ബാൽക്കണിയിൽ നിന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച ബസിലിരുന്നു അനുഭവിച്ച വേദനയെ ഒരു പൊടി പോലുമില്ലാതെ അലിയിച്ചു കളഞ്ഞു. അഞ്ചു മണിയോടടുത്തു നടത്തം തുടങ്ങി. ഇതിനിടയിൽ നിനക്ക് പ്രശ്നം ഒന്നും ഇല്യാലോ എന്ന് ചോദിച്ചു അപ്പ. അങ്ങനിയിപോ കർത്താവിന്റെ ജൻഡർ ബയസ്ട് നയങ്ങളോട് തോറ്റു കൊടുക്കാൻ ഉദേശികണില്ല. പതുകെ കയറി തുടങ്ങി. ഒരു പറ്റമായാണ്‌ കയറുന്നത്. തലയ്ക്കു മുകളിൽ എന്നവണം ഇരുവശവും വലിയ പുല്ലുകളാണ് . അത്യാവശ്യം മോശമില്ലാത്ത കയറ്റം. കയറി കയറി അങ്ങനെ കുന്നിന്റെ മണ്ടയിൽ കയറി നില്ക്കുമ്പോൾ... ആഹ് ന്താ പറയാ... 'മാമരം കണ്ടേ ചോല കണ്ടേ '... 💚 കുന്നിന്റെ മണ്ടയിൽ കയറി കണ്ടത്തൊനും പറയണില്ല. ഒരു കാഴ്ചയും പറഞ്ഞു തരാൻ കഴിയില്ലലോ. പല നിമിഷങ്ങളുടെ കൂടി ചേരലാണ് കാഴ്ച. 

മാസത്തിൽ ഒരിക്കൽ വരുന്ന ഈ അതിഥിയെ കുറിച്ചു പറയുന്നത് പലപ്പഴും അരോചകം ആണ്. പണ്ട് ഗേൾസ് ഓൺലെയിൽ പഠിക്കുമ്പോൾ പ്ലസ് ടു വിൽ പഠിക്കുന്ന ചേച്ചി, സഹപാഠികളുടെ മടിയിൽ കിടന്നു പിടയുന്നത് കണ്ടത് ഓർക്കുന്നു. വേദന കൊണ്ടാണ്. പിന്നിട് പലപ്പഴും അങ്ങനെ പലതും. പക്ഷേ ഇതൊക്കെ രഹസ്യങ്ങളാണ് ട്ടോ.

അങ്ങനെ കുന്നിന്റെ മണ്ടയിൽ കയറി നില്ക്കെ അപ്പ വീണ്ടും ചോദിച്ചു. നിനക്ക് കുഴപ്പം ഒന്നും ഇല്യാലോ.

Saturday, August 15, 2020

ന്റെ മൂക്കുത്തി ✨️💚

 ന്റെ മൂക്കുത്തി  ♥📍


കുറച്ച്  വർഷങ്ങൾക്ക് മുൻപ് പ്രിയപ്പെട്ട ഒരാളാണ് " നിനക്ക് മൂക്ക് കുത്തികൂടെ? "എന്നു  ചോദിക്കുന്നത്. ജീവിതത്തിൽ ആദ്യമായി ഞാൻ അന്ന് മൂക്ക് കുത്തുന്നതിനെ  പറ്റി ചിന്തിച്ചു.മൂക്കുത്തി അണിഞ്ഞവരെ  ശ്രദ്ധിച്ചു  തുടങ്ങി.പതിയെ എന്റെ മനസ്സിലും ആഗ്രഹം മുളച്ചു.മൂക്കുത്തിയുള്ള ഞാൻ എങ്ങനെയിരിക്കും?  

അതറിയാൻ വേണ്ടി  eyetex ന്റെ കുഞ്ഞിയ കറുത്ത പൊട്ടുകൾ മൂക്കിൽ  കുത്തി നോക്കി.

 'മ്മ് കൊള്ളാം '....

പൊതുവെ തിളങ്ങണ്ണ പൊട്ട് ഞാൻ ഉപയോഗിക്കില്ല. അമ്മ ചുമന്ന പൊട്ടുകളാണ് തൊടുക. എനിക്കിഷ്ട്ടം കറുത്ത കുഞ്ഞിയ പൊട്ടിനോടാണ്.തിളങ്ങണ്ണ കല്ലുകളുള്ള പൊട്ടുകൾ ഈ ഉദ്ദേശത്തിൽ മാത്രം വാങ്ങി. മൂക്കുത്തി റിസർച്ച് ആണ് പിന്നെ.

 മൂക്കുത്തി ഓരോരുത്തർക്കും ഓരോ ഭംഗിയാണ് കൊടുക്കുക എന്ന വലിയ കണ്ടുപിടുത്തം ഞാൻ നടത്തി. എന്തൊക്കെയായാലും ഏതാണ്ട് ഒരു കൊല്ലത്തിനു ശേഷം ഞാൻ അമ്മയോട് കാര്യം പറഞ്ഞു.അതാണല്ലോ വഴി. 


"എനിക്ക് മൂക്ക് കുത്തിയാൽ കൊള്ളാം എന്നുണ്ട്. "


അമ്മ എന്നെ ഒന്ന് നോക്കി. എന്താപ്പോ പ്രത്യേകിച്ചു ഒരു പൂതി എന്ന ഭാവത്തിൽ ഒരു തിരിഞ്ഞു നോട്ടം. "അത് പിന്നെ ലവൾ, അവൾ..... തുടങ്ങി എനിക്കറിയാവുന്ന എല്ലാവരും മൂക്ക് കുത്തിയിട്ടുണ്ടലോ.അപ്പോ എനിക്കും കുത്തണം. "

അമ്മ വീണ്ടും നോക്കി. നടക്കില്ല എന്ന നോട്ടം. 

"എന്റെ മൂക്ക്, ന്റെ തല. ഞാൻ എനിക്കിഷ്ട്ടള്ളത് ചെയ്യും."

ഈ വീട്ടിൽ നില്ക്കണമെങ്കിൽ ഇതൊന്നും നടക്കില്ല എന്ന വാചകം. പിന്നാല്ലേ ഒരു പഴയ പെണ്ണ് കാണൽ കഥ.


ചുരുക്കം.. 

കല്യാണ സമയത്ത് അമ്മയ്ക്കും ഉണ്ടായിരുന്നു അത്രേ ഒരു ഇമിറ്റേഷൻ  മൂക്കുത്തി  മോഹം. കല്യാണത്തിന് മുൻപ് അപ്പ അമ്മയോട് ഒരേയൊരു കാര്യം മാത്രം ആവശ്യപെട്ടിട്ടുള്ളൂ. അത് മൂക്ക് കുത്തരുത് എന്നാണ്. 

അപ്പ വളരെ വിരളമായി മാത്രം മുന്നോട്ട് വയ്ക്കുന്ന ചില അഭിപ്രായങ്ങളുടെ ആഴം എനിക്കറിയാം. ശ്യോ ഇങ്ങേരുടെ വീട്ടിൽ നിന്ന് കൊണ്ട് മൂക്ക് കുത്തൽ ഒരു ചില്ലറ കാര്യമാവില്ല. വിപ്ലവം തന്നെ വേണ്ടി വരും.ഒരു ചെറിയ സാധ്യത കണക്കിലെടുത്തു കൊണ്ട് ഞാൻ വെറുതെ പോയി കാര്യം പറഞ്ഞു. വേണ്ടുവോളം നയതന്ത്ര കഴിവുകൾ പുറത്തെടുത്തു. പക്ഷേ സമ്മതിച്ചില്ല.


വടക്കേ ചിറയില്ലേ kseb ഓഫീസ്സിലാണ്  കോളേജ്  കഴിഞ്ഞുള്ള എന്റെ സമയം ചിലവഴിക്കുക. My Happy place എന്നൊക്കെ വിളിക്കാൻ മാത്രം പ്രത്യേകത ആ സ്ഥലത്തിനും അവിടുത്തെ മനുഷ്യർക്കുമുണ്ട്. ഒരു  കട്ടൻ ചായയ്ക്ക്  ശേഷം ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഞാൻ  നടക്കും. പല വാർത്തമാനങ്ങൾ പറയും. കഥയും കവിതയുമെല്ലാം വന്നു പോവും. അവിടെയുള്ള  സ്ത്രീ ജനങ്ങള്ളിൽ ചിലർ  മൂക്ക് കുത്തിയിരുന്നു. അവരുടെ മൂക്കുത്തികൾ ഒക്കെ പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ആസ്വദിച്ചു. 

 ബിന്ദു ആന്റിയാണ് ഒരൂസം ചിന്നുവിനു മൂക്ക് കുത്തിയാൽ ഭംഗി ഇണ്ടാവും എന്ന് പറഞ്ഞത്. കുഴിച്ചു മൂടിയ മോഹങ്ങളുടെ മണം. ചിന്നുവിനു മൂക്ക് കുത്തികൂടെ എന്നൊരാൾ ചോദിച്ചിരിക്കുന്നു. അതാണ് കൂടുതൽ സന്തോഷം തന്നത്. 


ഇതു തന്നെ ശേഷിച്ച സാധ്യത. "ബിന്ദു ആൻറി ഒന്ന് അപ്പയോടു പറയുമോ?". എന്റെ ദയനീയ ഭാവം കണ്ടിട്ടാവണം ബിന്ദു ആന്റി സഹായ ഹസ്തം നീട്ടി. 

"ഇമ്മടെ  ചിന്നൂന്റെ മൂക്ക് നീണ്ടിട്ടാണല്ലോ. ഒരു ചെറിയ കല്ലിന്റെ മൂക്കുത്തി വാങ്ങി കൊടുക്ക്‌ ."


പിന്നെയുള്ള വർഷങ്ങളിൽ പലരെ കൊണ്ടും പറയിച്ചു. ഈ ഒരു കാര്യത്തിൽ എന്തോ സമ്മതിക്കണില്ല . Asapലെ ശമ്പളം കിട്ടിയപ്പോൾ  എനിക്ക് അഹങ്കാരമായി. ഞാൻ സ്വന്തം കാലിൽ നിന്ന സ്‌ഥിതിക്ക്‌ ഇനി മൂക്കു കുത്തുക തന്നെ. കുത്തും, കുത്തും, കുത്തും !!!!


ഒരു മുൻകരുതൽ എന്ന നിലയ്‌ക്ക് ഞാൻ മേമേനോട് പറഞ്ഞു. മേമ ഞാൻ മൂക്ക് കുത്താൻ പോവുകയാണ്. പെർമിഷൻ ഒക്കെ കിട്ടീട്ട് ഇതു നടക്കും എന്ന് തോന്നണില്ല. ഇത്രേം പ്രായം ആയിട്ടു എന്റെ മൂക്കില് ഒരു തുള്ള ഇടാനുള്ള സ്വാതന്ത്ര്യം ഇല്യേ  ഈ വീട്ടിൽ? 

മേമ പറഞ്ഞു.. കാത്തിരിക്കൂ. അപ്പയുടെ പെർമിഷൻ കിട്ടിയിട്ട് മതി എന്ന്. കിട്ടും എന്നൊരു വല്ലാത്ത ധ്വനി എനിക്ക് തോന്നി പോയി. വീണ്ടും കാത്തിരുന്നു. 


കുറച്ച് നാളുകൾക്കു ശേഷം വെസ്റ്റ് ഡിവിഷൻ ഓഫീസിലെ ഒരാളുടെ കല്യാണത്തിന് പോയപ്പോളാണ് വീണ്ടും എന്റെ പഴയ ഓഫീസ് സുഹൃത്തുക്കളെ കാണുന്നത്. അതിലെ മൂന്ന് പേർ പുതിയതായി മൂക്ക് കുത്തിയിരിക്കുന്നു. എന്റെ മോഹങ്ങളുടെ മണം, വീണ്ടും. എന്റെ ആഗ്രഹവും മോഹവും കണ്ടിട്ടാവണം അന്നൊരു കൂട്ട ഹർജി അപ്പയ്ക്ക് ലഭിക്കുകയുണ്ടായി. 


അങ്ങനെ ഏകദേശം കൃത്യമായി പറഞ്ഞാൽ,  നാലു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വെസ്റ്റ് ഫോർട്ട്‌ ജംഗ്ഷനിൽ നിന്ന് മലബാർ ഗോൾഡിലേയ്ക്ക്  അപ്രതീക്ഷിതമായി വണ്ടി തിരിഞ്ഞു.


വണ്ടിയിൽ നിന്നും ഇറങ്ങുന്നതിനു മുന്ന് ഒരു ഡയലോഗ്... 

"സ്വന്തം പൈസ കൊണ്ട് മൂക്കുത്തി വാങ്ങിക്കൊള്ളണം. അങ്ങനെയാണെങ്കിൽ മാത്രം മൂക്ക് കുത്തി തരാം .."


എന്റെ പൈസയോണ്ട് വാങ്ങിയ തിളങ്ങണ കല്ല് എന്റെ അഹങ്കാരാണ്... അതിനപ്പുറം എന്റെ മോഹത്തിന്റെ തിളക്കമാണ് ✨️


(ഒരു മൂക്കുത്തി റീസേർച്ച് സീരീസ് ബാക്കി കിടപ്പുണ്ട്. വരും ദിവസങ്ങള്ളിൽ പറയാം. 💚)








 

Friday, July 31, 2020

അമ്മ ചിന്തകൾ ✨️💚

ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോ 'What is your Ambition? ' എന്ന് ടീച്ചർ  ഞങ്ങളോട് ചോദിച്ചു.  ഞാൻ എന്തൊക്കെയോ പറഞ്ഞു. പക്ഷേ ബാക്കി കുട്ടികൾ ഒക്കെയും  വല്യ വല്യ എന്തൊക്കെയോ പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ട് പോയി. 

OMG !!നാട് ഓടുകയാണ്. നടുവേ ഓടണമല്ലോ. 
അതോണ്ട് അമ്മ  സ്കൂൾ വിട്ട് വരണ വരെ നോക്കി ഇരുന്നു. അമ്മ അടുക്കളയിൽ കയറിയപ്പോ തൊട്ട് പിന്നാലെ നടന്നു. അമ്മേടെ അംബീഷൻ എന്തായിരുന്നു? അതാണ് അറിയേണ്ടത്. എന്നിട്ട് വേണം എനിക്ക് എന്റെ ഒരെണ്ണം തയാറാക്കാൻ. 

 പാത്രം വച്ചു, വെള്ളമൊഴിച്ചു, പഞ്ചാര ഇട്ടു. വെള്ളം  തിളയ്ക്കണ ഗ്യാപ് ഉണ്ടല്ലോ. ആ ഗ്യാപ്പിൽ   അമ്മ പറഞ്ഞു "മോഹം തോന്നുമ്പോ  മിഥിലയിലെ മസാല ദോശ കഴിക്കണം. സ്വന്തായിട്ടു വാങ്ങി കഴിക്കാൻ പ്രാപ്തയാക്കുന്ന തരത്തിൽ ഒരു ജോലി വാങ്ങുക എന്നതായിരുന്നു  അമ്മേടെ ambition ". എനിക്കതു അത്ര പിടിച്ചില്ല. അയ്യേ. ഇതെന്തൂട്ട് അംബീഷൻ ആണ്.പിള്ളേരൊക്കെ ഇഞ്ചിനീരും, ഡോക്ടറും  വക്കീലും ഒകെ ആവണം നു പറയുമ്പോ!!!

പിന്നീടും പല ടീച്ചർമാർ അംബീഷൻ  ചോദിച്ചു. ഫ്രണ്ട്സിന്റെ ഇടയിൽ കിടപിടിക്കുന്ന തരത്തിൽ ഒരു അംബീഷൻ  മിക്ക തവണയും ഞാൻ പറഞ്ഞു. 😋

ആദ്യം സിവിൽ സർവീസ് എഴുതി എടുക്കണം.😎🤝  ഒപ്പം RJ യും  ആവണം. പിന്നെ... പിന്നെ  ബാക്കിയൊക്കെ ഞാൻ മറന്നു. 

 പണ്ടൊക്കെ വീണു കിട്ടുന്ന  ഒഴിവു ദിവസങ്ങളിൽ  ഞങ്ങൾ  നെഹ്‌റു പാർക്കിൽ പോവും. അവിടുത്തെ സിമെന്റിൽ ഉണ്ടാക്കിയ ഇഴുകണ്ണ സാധനം ആണ്  ഇഷ്ട്ടം.വരിയിൽ ഒക്കെ നിന്നിട്ട് വേണം ഇഴുകാൻ. സ്വന്തമായി കോണി കയറി വീഴാതെ ഇഴുകി വരുന്നത് സ്വയം പര്യാപ്തതയുടെ ആദ്യ പാഠ ഭാഗത്തിൽ ഉൾപ്പെടുത്താം.  എക്സ്ട്രാ ടൈമിൽ ഊഞ്ഞാലിൽ ആടുന്നതോടു കൂടി ആഴ്ചയിലെ വിനോദ യാത്ര അവസാനിച്ചു എന്ന് അപ്പ പറയും. 
പിന്നെ ബിനി സ്റ്റാൻഡിലെ മിഥിലയിൽ കയറും. എന്നിട്ട് എല്ലാവർക്കും  മസാല ദോശ വാങ്ങി തരും.ബില്ല് കൊടുക്കാൻ നേരം ഞാൻ  വെള്ള ജീരകം വായയിൽ ഇടും. പിന്നെ ബസിൽ കയറി ഞങ്ങൾ പാട്ടൊക്കെ കേട്ട് വീട്ടിലേയ്ക്കു തിരിച്ചു പോരും. 

കാലക്രമേണ  ഭാരതിലെ മസാലദോശയിലേക്കും  ചമ്മന്തിയിലേക്കും  ഇഷ്ട്ടം  കൂടുമാറി. Menu ഒക്കെ  നോക്കി എത്ര അലോയ്ച്ചാലും അവസാനം  'എനിക്കൊരു മസാല ദോശയും കാപ്പിയും ' എന്ന് അമ്മ പറയും.

ഇല്യ.അമ്മ നെയ് റോസ്റ്റ് പറയില്ല. മസാല ദോശ വരുന്നതും നോക്കി ഇരിപ്പാണ്.... ☕  ( old pic )
ലൊക്കേഷൻ ഓർമയില്ല. 
 
നീ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം  എന്ന് അമ്മ ഇതു വരെ എന്നോട്  പറഞ്ഞിട്ടില്ല. മസാലദോശയുടെ രുചി അറിയുന്നത് കൊണ്ട് ആവണം. 
ഒരു മസാലദോശ അംബീഷൻ എല്ലാർക്കും വേണം എന്നാണ് എന്റെ ഒരു ഇത്  💚✨️

Madhu

There's mo other earthly privilege than being loved by a dog. My dog, a blur of joy on four fast feet, Greets every dawn with a tail-sw...