Tuesday, December 22, 2020

പ്രണാമം 💚

 ഞാൻ St Paulsil മൂന്നാം ക്ലാസ്സിൽ പഠിയ്ക്കാണ്. രാവിലെ എട്ടു മണിക്ക് ജോയേട്ടന്റെ വണ്ടിയിൽ കയറി പോവും. അഞ്ചു മണിയോട് അടുക്കും തിരിച്ചു വീട്ടിൽ വരുമ്പോ. എത്തുമ്പഴേക്കും ക്ഷീണിച്ചു ഒരു വിധം ആയിണ്ടാവും. വീട്ടിൽ എല്ലാവരുടെയും അവസ്ഥ ഏകദേശം ഈ തരം  ആണ്. ഓട്ടം. നിർത്താതെയുള്ള ഓട്ടം.


സ്കൂൾ കലോത്സവത്തിന്റെ  സമയം ആവുമ്പോ ടീച്ചർ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ഐറ്റംസിന്റെ പേര്  തരാൻ പറയും.

മിമിക്രി, നാടോടി നൃത്തം, മോണോആക്ട്  എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ്  എഴുതിയ  കടലാസ് വീട്ടിലേയ്ക്ക്  തന്നയക്കും.  കടലാസ് അമ്മയ്ക്ക് കൊണ്ടു കൊടുക്കും. ഓട്ടപാച്ചിലിനിടയിൽ  അമ്മയ്ക്ക് പഠിപ്പിച്ചു തരാൻ കഴിയുന്ന രണ്ട് മൂന്നെണ്ണം അമ്മ ടിക്ക് ചെയ്ത് തരും.

മുടങ്ങാതെ അമ്മ ടിക്ക് ചെയ്തത് കവിതാ പാരായണത്തിൽ ആണ്. ഇംഗ്ലീഷും മലയാളവും.


മധുസൂദനൻ നായരൊക്കെ കാസറ്റ് ഇറക്കി കവിത ജനകീയമാക്കുന്നതിനു  മുന്നേ വരെ അമ്മയാണ് കവിത പഠിപ്പിച്ചു തരാ.

"മാന്യ സദസ്സിന് വന്ദനം" എന്ന ഒരിക്കലും മാറാത്ത ആദ്യ വാക്യത്തിന് ശേഷം മിക്കവാറും ചൊല്ലുക സുഗതകുമാരിയുടെ കവിതയാണ്.


അമ്മയുടെ ഓട്ടത്തിനിടയിൽ അമ്മയുടെ  വാലായി അടുക്കളയിലും പാതിമ്പുറത്തും മറ്റും നടന്നും ഇരുന്നും കിടന്നും  ആണ് പഠിക്കുന്നത് തന്നെ. മനപാടം പഠിയ്ക്കുന്ന ഏർപ്പാടിനോട് പണ്ടേ വിരക്തിയാണ്. താളം ഇല്യാണ്ട് ജീവിക്ക തന്നെ എനിക്ക്  പ്രയാസം ആണ്. അമ്മയാണ് കവിതയുടെ താളം പറഞ്ഞു തരാ.


Lp സെക്ഷൻ  കോറിഡോറിന്റെ അവിടെയുള്ള   കോണിയുടെ അടിയിൽ പണിത സ്റ്റാഫ്‌ റൂമിൽ അമ്മ പറഞ്ഞത് പോലെ കൈയൊക്കെ  കെട്ടി ഞാൻ ചെന്നു നിന്നു. മാന്യ സദസിന് വന്ദനം. ഞാനിന്നിവിടെ ചൊല്ലുന്നത് പ്രശസ്ത.....


"ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി

മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-

ടിയാ ചിറകു ചെറുതിളക്കി

നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ

പാവം പണിപ്പെട്ടു പാടിടുന്നു

ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ

ഇണയില്ല കൂട്ടിനു കിളികളില്ല"


പേടിച്ച പോലെ വരികൾ ഒന്നും തെറ്റിയില്ല. ഞാൻ ഉദ്ദേശിച്ച പോലെ തന്നെ വന്നിട്ടുണ്ട്.മിടുക്കി എന്ന്  സ്വയം പറഞ്ഞു.


പക്ഷേ  എന്നെ നിരാശപ്പെടുത്തിയത് ജഡ്ജസിന്റെ മുഖത്തെ ചിരിയാണ്.ഞാൻ ചൊല്ലുമ്പോൾ തന്നെ ചിരിയാണ്. ചൊല്ലി തീർന്നതും  ഒരുമാതിരി ആക്കി, അർത്തുലസിച്ചുള്ള മലയാളം ടീച്ചർടെ ചിരി ഒട്ടും ഇഷ്ടായില്ല.ഫസ്റ്റും സെക്കൻഡും തേർഡും  ഒക്കെ ആരൊക്കെയോ കൊണ്ടു പോയി.അതൊക്കെ എന്തേലും ആവട്ടെ.ജഡ്ജസിന്റെ കൊലചിരി ആശയകുഴപ്പമായി എന്റെ കൂടെ പോന്നു.


പിറ്റേ കൊല്ലം മാമ്പൂക്കള്ളും ഉണ്ണിയുമായി കവിതയുടെ വിഷയം.

"വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ..."

ഉണ്ണി വരാത്ത സങ്കടം കവിത ചൊല്ലി പഠിച്ചവരുടെ ഒപ്പം ബാധയായി കയറി കൂടിയതായി തോന്നി. 


കൊലചിരിയുടെ ആശയകുഴപ്പം  അപ്പോഴും  കൂടെയുണ്ട്.


നാലഞ്ചു കൊല്ലങ്ങൾ കഴിഞ്ഞ് ഒരൂസം 

"കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്തു" സിനിമ കാണുകയാണ്.അഞ്ചാമത്തെയോ ആറാമത്തെയോ തവണയാണ് കാണുന്നത്. ജയറാംമും മഞ്ജു വാര്യരും ഒക്കെ ഒരുമിച്ചു വരുമ്പോൾ തോന്നുന്ന സന്തോഷത്തിനു വേണ്ടി കാണുന്നതാണ്.യേശുദാസിന്റെ ശബ്ദത്തിൽ സിനിമേലെ ഫേമസ് പാട്ട് വന്നു. പിന്നെയും പിന്നെയും ആരോ കിനാവിന്റെ....

ഞാനും ഒപ്പം മൂളി.

മൂളി മൂളി  ഞാൻ എങ്ങനെയൊക്കെയോ


"പാവം പണിപ്പെട്ടു പാടിടുന്നു

ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ

ഇണയില്ല കൂട്ടിനു കിളികളില്ല"


എന്ന വരിയിൽ ഇടിച്ചു കേറി നിന്നു. യേശുദാസിന്റെ വരികൾ വേറെ വഴിക്ക് പോയി. ഇതെന്താ ഇത്!!!  ഞാൻ വീണ്ടും പാടി നോക്കി. മൂന്നാലു തവണ പാടി നോക്കിയതിനു ശേഷമാണു തിരിച്ചറിവുണ്ടായത്.

അമ്മേ!!!!" എന്നലറിവിളിച്ച് അടുക്കളയിലേയ്ക് ഓടി.


എന്റെ കണ്ടു പിടുത്തം കേട്ട് ഇതിപ്പഴാണോ നിനക്ക് മനസ്സിലവണേ  എന്ന ഭാവത്തിൽ അമ്മ  ചിരിച്ചു.

സുഗതകുമാരിയുടെ വരികളിലേയ്ക്ക്  വിദ്യ ji ടെ മ്യൂസിക് ചേർത്തു വച്ചതിൽ കുറ്റബോധം തല്ലേതും അമ്മയിൽ ഞാൻ കണ്ടില്ല.

ആശയകുഴപ്പത്തിന്റെ ഭാരം ഒഴിഞ്ഞ് കൊലചിരിയായി എന്റെ ചുണ്ടിലും നിറഞ്ഞു.


( പിന്നെയും പിന്നെയും എന്ന പാട്ടിന്റെ ട്യൂണിൽ ആണ് അമ്മ എനിക്ക് കവിത പഠിപ്പിച്ചു തന്നത്. കാസറ്റ്റുകളിൽ കവിത നിറയുന്നതിനു മുന്നേയുള്ള കാര്യമാണ് ).


"ഇരുളില്‍ തിളങ്ങുമീ പാട്ടു കേള്‍ക്കാന്‍ കൂടെ

മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്

നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്‍ താഴെ

വഴിമര ചോട്ടിലെ പുല്ലുമുണ്ട്

ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്

താരുകളുണ്ട് താരങ്ങളുണ്ട്

ആപാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും

സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്"


പ്രിയപ്പെട്ട കവയത്രിയ്ക്കു ആദരാഞ്ജലികൾ 💚💚💚

2 comments:

Madhu

There's mo other earthly privilege than being loved by a dog. My dog, a blur of joy on four fast feet, Greets every dawn with a tail-sw...